Human sensibility as depicted in contemporary Hindi poetry (with special reference to the poems of Uday Prakash, Arun Kamal, Katyayani and bonafide record of research work carried out by Nirmala Putul).
Abstract
'സമകാലീന ഹിന്ദി കവിതയിൽ മാനവീയ സംവേദന (ഉദയ് പ്രകാശ്, അരുൺ കമൽ, കാത്യായനി, നിർമല പുതുൽ എന്നിവരുടെ കവിതകളെ ആധാരമാക്കി ഒരു പഠനം)
ആഗോളവൽക്കരണവും കമ്പോളവൽക്കരണവും അതോടൊപ്പം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസവും നമ്മുടെ സമൂഹത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നു. വിശ്വ ഗ്രാമ സങ്കൽപ്പവും മാധ്യമ വിപ്ലവവും മനുഷ്യർ തമ്മിലുള്ള അകലം കുറച്ചെങ്കിലും മനുഷ്യ മനസ്സുകൾ തമ്മിലുള്ള അകലം വർധിച്ചിരിക്കുന്നു. ആധുനിക യന്ത്രവൽകൃത ലോകത്ത്, മനുഷ്യൻറെ സംവേദനക്ഷമത പൂർണ്ണമായും ഇല്ലാതായിരിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യത്വരാഹിത്യം തുറന്ന് കാണിച്ചുകൊണ്ട് മനുഷ്യമനസ്സുകളിൽ മാനവീയ സംവേദനകൾ ഉണർത്തുകയാണ് സമകാലീന കവികൾ ചെയ്യുന്നത്.
ഉദയ് പ്രകാശ്, അരുൺ കമൽ, കാത്യായനി, നിർമല പുതുൽ എന്നിവർ സമകാലീന ഹിന്ദി കവിതയുടെ മഹനീയ വ്യക്തിത്വങ്ങളാണ്.അവരുടെ കവിതകൾ സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളിൽ നിലനിൽക്കുന്ന മലിനമായ മാനസികാവസ്ഥയെ തുറന്നുകാട്ടുന്നു.മാനവീയ സംവേദനയുടെ വീക്ഷണകോണിൽ നിന്ന് കൊണ്ട് സമസ്ത ലോകത്തെയും നോക്കിക്കാണുന്ന ഇവരുടെ കവിതകൾ പഠനവിധേയമാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഇവിടെ ഗവേഷണത്തിനായി തിരഞ്ഞെടുത്ത വിഷയം 'സമകാലീന ഹിന്ദി കവിതയിൽ മാനവീയ സംവേദന (ഉദയ് പ്രകാശ്, അരുൺ കമൽ, കാത്യായനി, നിർമല പുതുൽ എന്നിവരുടെ കവിതകളെ ആധാരമാക്കി ഒരു പഠനം)’ എന്നതാണ്. പഠനസൗകര്യം കണക്കിലെടുത്ത്, പ്രസ്തുത വിഷയം ഉപസംഹാരമടക്കം ഏഴ് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു.
ആദ്യ അധ്യായം 'സമകാലീന ഹിന്ദി കവിത - ഒരു പൊതു പരിചയം’. ഇതിൽ സമകാലീന കവിതയുടെ പൂർവകാലഘട്ടങ്ങളെ പ്രതിപാദിച്ചുകൊണ്ട് സമകാലീന കവിതയുടെ വിശാലമായ വൈകാരിക തലങ്ങൾ പരിശോധിക്കുകയാണ് ചെയ്തിരിക്കുന്നത്.
‘മാനവീയ സംവേദനയും സാഹിത്യവും' എന്ന രണ്ടാമധ്യായത്തിൽ, സംവേദന, മാനവീയ സംവേദന തുടങ്ങിയ പദങ്ങളെ വിവിധ നിർവചനങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു കൊണ്ട്, സാഹിത്യത്തിൽ മാനവീയ സംവേദനയുടെ വിവിധ തലങ്ങളെ വിശകലനം ചെയ്തിരിക്കുന്നു.
'ഉദയ് പ്രകാശിൻറെ കവിതകളിൽ മാനവീയസംവേദന’ എന്ന മൂന്നാം അധ്യായത്തിൽ വർത്തമാന സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ കവി എങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പഠനവിധേയമാക്കിയിരിക്കുന്നത് ..
'അരുൺ കമലിൻറെ കവിതകളിൽ മാനവീയസംവേദന ‘എന്ന നാലാം അധ്യായത്തിൽ കവിത സംവദിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ പഠന വിധേയമാക്കിയിരിക്കുന്നു .' അദ്ദേഹത്തിൻറെ കവിതകളിൽ മാറുന്ന ലോകത്തിൻറെ പ്രതിച്ഛായയാണ് ദർശിക്കാൻ കഴിയുന്നത്.
‘കാത്യായനിയുടെ കവിതകളിൽ മാനവീയസംവേദന ‘എന്ന അഞ്ചാം അധ്യായം പുരുഷാധിപത്യ സമൂഹത്തിൻറെ ചൂഷണത്തിനു വിധേയമാക്കപ്പെടുന്ന സ്ത്രീ ജീവിതത്തിൻറെ അടയാളപ്പെടുത്തലുകൾ മാത്രമല്ല,അതിനുമപ്പുറം കവിത കൈകാര്യം ചെയ്യുന്ന നിരവധി സാമൂഹിക പ്രശ്നങ്ങളെ പഠന വിധേയമാക്കിയിരിക്കുന്നു.
'നിർമ്മല പുതുലിൻറെ കവിതകളിൽ മാനവീയസംവേദന എന്ന ആറാമത്തെ അധ്യായത്തിൽ ജീവിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിൻറെ ജീവിതയാഥാർത്യങ്ങൾ ഉൾക്കൊള്ളുന്നകവിതകൾപഠന വിധേയമാക്കിയിരിക്കുന്നു., ഈ ഗവേഷണ പ്രവർത്തനത്തിൽ നിന്ന് ലഭിച്ച കണ്ടെത്തലുകളുടെ ഉപസംഹാരം അവസാന അധ്യായമായി ചേർത്തി രിക്കുന്നു.
. വർത്തമാന കാലഘട്ടത്തിലെ മനുഷ്യൻ സംവേദനാശൂന്യമായ നിരവധി സാഹചര്യങ്ങളെ നേരിടുന്നു. കൊലപാതകം, ആക്രമണം, അക്രമം തുടങ്ങിയ അന്തരീക്ഷമാണ് എങ്ങും. ഉത്തരാധുനിക സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും അവഗണനയും ചൂഷണവും നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.ബാലവേല, ലൈംഗികചൂഷണം, പെൺഭ്രൂണഹത്യ തുടങ്ങി നിരവധി കാരണങ്ങളാൽ കുട്ടികൾ ദുരിതമനുഭവിക്കുന്നു. കമ്പോളവൽക്കരണത്തിൻറെയും ഉപഭോക്തൃ സംസ്കാരത്തിൻറെയും കടന്നുകയറ്റം മൂലം ആദിവാസി സമൂഹം പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിയൊഴിപ്പിക്കൽ, തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.സമകാലീന കവികൾ നിലവിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിലനിൽക്കുന്ന അസഹിഷ്ണുതകളെ തുറന്നുകാട്ടുകയും അതിശക്തമായ ഭാഷയിൽ തങ്ങളുടെ പ്രതിരോധം വ്യക്തമാക്കുകയും ചെയ്യുന്നു.
Collections
- Doctoral Theses [16]